സുല്‍ത്താന്‍ ബത്തേരി: മാലിന്യപ്രശ്നത്തിനൊപ്പം തെരുവുനായ ശല്യവും രൂക്ഷമായതോടെ ചുങ്കത്തെ മത്സ്യമാംസ മാര്‍ക്കറ്റിനെ കൈയൊഴിഞ്ഞ് നാട്ടുകാര്‍.
ചുങ്കം ബസ് സ്റ്റാന്‍ഡിന് പിറകിലുള്ള നഗരസഭയുടെ മാര്‍ക്കറ്റും പരിസരവും മാസങ്ങളായി വൃത്തിഹീനമായി കിടക്കുകയാണ്. ശുചീകരണ കാര്യത്തില്‍ നഗരസഭ കടുത്ത അനാസ്ഥ കാട്ടുന്നതായാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. മാര്‍ക്കറ്റിലെ സ്റ്റാളുകളില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യാന്‍ മതിയായ സംവിധാനമില്ല. അറവുമാലിന്യമടക്കം സമീപത്തെ ഓവുചാലില്‍ തള്ളുന്നതായി വ്യാപാരികളും നാട്ടുകാരും പറയുന്നു.
മാലിന്യം നിറഞ്ഞതോടെ ഓവുചാലിലെ നീരൊഴുക്കും നിലച്ചു. സ്ലാബില്ലാത്ത ഓവുചാലില്‍നിന്നും മാര്‍ക്കറ്റില്‍നിന്നും ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധം കാരണം ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും മൂക്കുപൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വാടകമുറികളില്‍ ക്ഷീരവികസന വകുപ്പ് ഓഫിസ്, വയോമിത്രം ഓഫിസ്, പബ്ലിക് ലൈബ്രറി എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്കറ്റിലേക്കുള്ള പ്രധാന റോഡില്‍ പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുന്നത് പതിവായിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
മാര്‍ക്കറ്റിലെ വില്പന സ്റ്റാളുകളില്പ്പോലും തെരുവുനായകള്‍ കയറിയിറങ്ങുന്നത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ദുരിതമാകുന്നു. മാര്‍ക്കറ്റിലും ബസ് സ്റ്റാന്‍ഡിലും തെരുവുവിളക്കുകള്‍ പലപ്പോഴും പ്രകാശിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
പ്ലാനിംഗിലെ അപാകതയാണ് ദുരവസ്ഥയ്ക്ക് കാരണം
പ്ലാനിംഗിലെ അപാകതയാണ് ദുരവസ്ഥയ്ക്ക് കാരണംആസൂത്രണമില്ലായ്മയാണ് നഗരസഭയുടെ ചുങ്കത്തെ മത്സ്യമാംസ മാര്‍ക്കറ്റിന്റെ ഈ അവസ്ഥയ്ക്ക് കാരണം. മാര്‍ക്കറ്റിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ നഗരസഭാ ഭരണസമിതി അടിയന്തരമായി സ്വീകരിക്കണം. നഗരസഭയുടെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന മാംസം മത്സ്യ വ്യാപാരികളെ മാര്‍ക്കറ്റില്‍ ഏകോപിച്ചുകൊണ്ട് വ്യാപാരം നടത്താന്‍ അനുവദിക്കണം. ടൗണിലെ മാലിന്യ പ്രശ്നത്തിന് ഇതോടെ പരിഹാരം കാണാന്‍ സാധിക്കും.
പ്രഭാകരന് നായര്‍ (പൊതു പ്രവര്ത്തകൻ)
വൃത്തിയുള്ള മത്സ്യ–മാംസ മാര്‍ക്കറ്റിന് നഗരസഭ ഇടപെടണം
ബത്തേരി നഗരസഭയുടെ മത്സ്യ–മാംസ മാര്‍ക്കറ്റും പരിസരവും വൃത്തിയാക്കി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ അധികൃതര്‍ അടിയന്തരമായി ഇടപെടണം. മാര്‍ക്കറ്റിലെ ശുചിത്വപ്രശ്നങ്ങള്‍ പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും സാധനങ്ങള്‍ വാങ്ങാനുള്ള സാഹചര്യമൊരുക്കണം. മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും വേണം.
അമീര്‍ അറക്കല്‍ (സോഷ്യലിസ്റ്റ് ജനതാദള്‍ ബത്തേരി മണ്ഡലം സെക്രട്ടറി)